തൊടുപുഴ: മദ്യപിച്ച് വാഹനമോടിച്ച ഏഴ് സ്കൂള്‍, കോളജ് ബസ് ഡ്രൈവര്‍മാര്‍ക്കെതിരേ പോലീസ് കേസെടുത്തു.
എറണാകുളം റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയുടെ നിര്‍ദേശപ്രകാരം ഇന്നലെ രാവിലെ ആറു മുതല്‍ ജില്ലാ പോലീസ് മേധാവി ഡോ. എ. നസീമിന്റെ നേതൃത്വത്തിലായിരുന്നു റേഞ്ച് തല സ്പെഷല്‍ കോമ്പിംഗ് ഓപ്പറേഷന് നടത്തിയത്. വിദ്യാര്‍ഥികളുമായി പോകുന്ന എല്ലാ വാഹനങ്ങളിലും പരിശോധന നടത്തി. ജില്ലയിലെ സ്കൂള്‍, കോളജ് ബസുകളുടെ ഡ്രൈവര്‍മാരെ പരിശോധിച്ചപ്പോഴാണ് മദ്യപിച്ച് വാഹനം ഓടിച്ച ഏഴ് ഡ്രൈവര്‍മാരെ പിടികൂടിയത്.
ശാന്തന്‍പാറ പോലീസ് സ്റ്റേഷനില്‍ രണ്ട്, കരിങ്കുന്നം, ഇടുക്കി, വെള്ളത്തൂവല്‍,രാജാക്കാട്, വണ്ടന്മേട് പോലീസ് സ്റ്റേഷനുകളില്‍ ഓരോ കേസുകളും രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇത്തരത്തിലുള്ള പരിശോധനകളും നിയമനടപടികളും തുടര്‍ന്നും ശക്തമായി നടപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.